Saturday, April 9, 2011

സൈലൻറ് വാലിയെക്കുറിച്ച് പിള്ളേച്ചൻ പറയുന്നത് സംബന്ധമോ അസംബന്ധമോ?

ഏപ്രിൽ നാലിലെ മാദ്ധ്യമം ആഴ്ച്ചപ്പതിപ്പിലാണ് സൈലൻറ് വാലി പദ്ധതിയെക്കുറിച്ച് തൻറെ ജയിലറക്കുറിപ്പുകളിൽ ആർ ബാലകൃഷ്ണപിള്ള എഴുതുന്നത്. ആ കുറിപ്പിലെ പ്രസക്തഭാഗം...
ഇന്ത്യാ ചരിത്രത്തിൽതന്നെ വേറിട്ടുനിൽക്കുന്നതാണ് സൈലൻറുവാലിയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനായി കേരള നിയമസഭ പാസാക്കിയ നിയമം. പദ്ധതി വന്നിരുന്നെങ്കിൽ കേരളത്തിലെ പല അണക്കെട്ടു പ്രദേശങ്ങളിലേയും പോലെ ജൈവവൈവിദ്ധ്യം അത്യധികമായി വർദ്ധിച്ചേനെ. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ഉദ്യാനങ്ങളിൽ ഒന്നായ പെരിയാർ, അണക്കെട്ടുമൂലമുള്ള തടാകത്തിൻറെ സൃഷ്ടിയാണല്ലോ. നെയ്യാർ, പേപ്പാറ, ചെന്തരുണി, ഇടുക്കി തുടങ്ങിയ വന്യമൃഗ സങ്കേതങ്ങളൊക്കെതന്നെയും റിസർവോയറുടെ സംഭാവനയാണെന്ന കാര്യം ആർക്കാണ് നിഷേധിക്കാനാവുക?
സൈലൻറിവാലി ഒരു കന്യാവനമാണെന്ന വാദം ശുദ്ധ അസംബന്ധമായിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഈ വനത്തിൻറെ ഹൃദയഭാഗം കയ്യേറിയ വെള്ളക്കാർ അവിടെ കാപ്പിത്തോട്ടം ഉണ്ടാക്കിയ കാര്യം നമ്മുടെ വനംവകുപ്പുപോലും സമ്മതിക്കുന്നതാണ്. അത്യപൂർവ്വമായ ചുരുളിമരങ്ങൾ ഉൾപ്പെടെ വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റിയാണ് അവർ സൈലൻറുവാലിയിൽ കാപ്പിതോട്ടങ്ങൾ ഉണ്ടാക്കിയത്. കൂടാതെ കുറുപ്പ എന്ന ആദിവാസി വിഭാഗത്തിൻറെ വേട്ടയാടൽ മേഖലയുമായിരുന്നു ഇത്. കന്യാവനങ്ങൾ എന്ന പേര് കേൾക്കാൻ കൊള്ളാം. പക്ഷെ സൈലൻറുവാലി ഒരിക്കലും ആഗണത്തിൽപെടുത്തേണ്ട ഒന്നായിരുന്നില്ല. ആരെയൊക്കെയോ കബളിപ്പിക്കാനും വഴിതെറ്റിക്കാനും കരുതികൂട്ടി നടത്തിയ ഒരു പ്രയോഗമായിരുന്നു കന്യാവനങ്ങൾ എന്നത്.
സൈലൻറുവാലി സമരം പലർക്കും ഒരു കറവപ്പശു ആയിരുന്നെന്ന് പറയാതെ വയ്യ. സമരത്തിൻറെ മുന്നിലുണ്ടായിരുന്ന സംഘടനയിലെ പല പ്രമാണിമാരും അതിൻറെ ആനുകൂല്യങ്ങൾ പറ്റി ഇന്നും ജീവിക്കുന്നു.
പിള്ള ഇപ്പോഴും പഴയ പിള്ളയായിതന്നെ തുടരുന്നു. ഒരു സംശയവും വേണ്ട. പക്ഷെ, അന്നത്തെ സമരക്കാരും അതിന് നേതൃത്വം കൊടുത്ത സംഘടനകളുമോ? അപചയങ്ങളുടെ ചുഴിയിൽപ്പെട്ട് ആളൊഴിഞ്ഞൊരു കൂടാരം പോലെയായില്ലേ. ഒരു നാടിൻറെ വികസനക്കുതിപ്പുകൾക്കുമേൽ വരട്ടുതത്വവാദത്തിൻറെ കരിമ്പടം മൂടിയതിന് കാലം നൽകിയ തിരിച്ചടിയാണിതെന്ന് പറയേണ്ടിയിരിക്കുന്നു.
സൈലൻറുവാലി പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നത് ഒരു രാജ്യസ്നേഹി എന്ന നിലയിൽ ഇന്നും എനിക്കൊരു വേദനയാണ്.


• പിള്ളേച്ചൻ പറയുന്നത് സത്യമാണോ?